ലഖ്‌നൗ: സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ബിഎസ്‌പി അധ്യക്ഷ മായാവതി, തിങ്കളാഴ്ച ഉത്തർപ്രദേശ് സർക്കാരിനെതിരെ രംഗത്തെത്തി. ഇത് രാമ രാജ്യമായോ എന്ന് ചോദിച്ചായിരുന്നു മായാവതിയുടെ വിമര്‍ശനം. ഉത്തർപ്രദേശിൽ അടുത്തിടെ നടന്ന കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു.
"സീതാപൂരിൽ ഒരു ദലിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു, ചിത്രകൂട്ടിൽ ബാലവേല ചെയ്യാൻ വിസമ്മതിച്ചതിന്‍റെ പേരിൽ കുട്ടിയുടെ കൈ ഒടിച്ചു, ഗോരഖ്പൂരിൽ ഇരട്ട കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇത് രാമരാജ്യമാണോ? കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണം, ഇതാണ് ബിഎസ്പിയുടെ ആവശ്യം” മായാവതി ട്വീറ്റ് ചെയ്തു.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിക്കുന്നത് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.