ലഖ്‌നൗ: കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഉത്തര്‍പ്രദേശില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതി. ട്വിറ്ററിലൂടെയാണ് യുപി സർക്കാരിന് എതിരെ മായാവതി ആരോപണങ്ങൾ ഉയർത്തിയത്. കൊവിഡ് പോലൊരു മഹാമാരിയെ ഉന്‍മൂലനം ചെയ്യുന്നതിനായി അഹോരാത്രം കഷ്ടപ്പെടുന്ന ഡോക്ടര്‍മാരെയും നഴ്‌സ്മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും ദൈവത്തെപ്പോലെ കാണേണ്ടിടത്ത് അവര്‍ക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ പോലും യുപി സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ് മായാവതിയുടെ ആരോപണം. സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ജീവന്‍ പണയപ്പെടുത്തിയാണ് ഇപ്പോള്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്നത്. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
സര്‍ക്കാര്‍ കാണിക്കുന്ന ഈ അലംഭാവം മൂലം വാരാണസിയിലെ 32 ആരോഗ്യകേന്ദ്രങ്ങളുടെയും മേധാവികള്‍ ഇതിനോടകം തന്നെ രാജി സമര്‍പ്പിച്ചുകഴിഞ്ഞു. കൊറോണ സെന്‍ററുകളിലെയും സ്വകാര്യ ആശുപത്രികളിലെയും ആരോഗ്യപ്രവര്‍ത്തകരുടെയും അവസ്ഥ പരിതാപകരമാണെന്നും ഇത് അവരെ ആത്മഹത്യയിലേക്ക് വരെ എത്തിച്ചേക്കാമെന്നും മായാവതി പറയുന്നു. അത്യന്തം സങ്കടകരമായ ഈ അവസ്ഥക്ക് മാറ്റം വരുത്താനായി സര്‍ക്കാര്‍ ആവശ്യമായ നയങ്ങള്‍ രൂപീകരിക്കണമെന്നും മായാവതി ആവശ്യപ്പെടുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ ബുധനാഴ്ച 4,538 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സജീവകേസുകളുടെ എണ്ണം 49,347 ആയി. എന്നാല്‍ 84,661 പേര്‍ ഇതുവരെ രോഗമുക്തി നേടി. 2,230 ജീവനുകളാണ് കൊവിഡ് മൂലം യുപിയില്‍ പൊലിഞ്ഞത്.