റായ്പുര്‍: മാവോവാദി നേതാവ് മാധ്വി മുയ്യയെ സുരക്ഷാസേന വധിച്ചു. വ്യാഴാഴ്ച രാവിലെ ദന്തേവാഡയിലെ പെര്‍പ്പ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് മാധ്വി മുയ്യ കൊല്ലപ്പെട്ടത്. ദന്തേവാഡ ആക്രമണത്തിന്‍റെ സൂത്രധാരനാണ് മുയ്യ.
വനപ്രദേശത്ത് സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ സേനാംഗങ്ങള്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിവച്ചു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും ഡിസ്ട്രിക്ട് ഫോഴ്‌സ് അംഗങ്ങളുമാണ് ദൗത്യത്തില്‍ പങ്കെടുത്തത്.
മാധ്വി മുയ്യയുടെ തലക്ക് എട്ട് ലക്ഷം രൂപ സര്‍ക്കാര്‍ വിലയിട്ടിരുന്നു. കഴിഞ്ഞ മാസം ദന്തേവാഡയില്‍ ബിജെപി എംഎല്‍എ ഭീമാ മാണ്ഡവി ഉള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനായിരുന്നു മാധ്വി മുയ്യ. 2017ലെ സുഖ്മ ആക്രമണത്തിലും മാധ്വി മുയ്യ പങ്കെടുത്തിരുന്നു. 25 സുരക്ഷാ ഉദ്യോഗസ്ഥരാണ് സുഖ്മയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.