ശ്രീനഗര്‍: മുന്‍ കേന്ദ്രമന്ത്രിയായ മനോജ് സിന്‍ഹ ജമ്മു കശ്‌മീര്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്‌തു. 61കാരനായ അദ്ദേഹം രാജ്ഭവനില്‍ ജമ്മു കശ്‌മീര്‍ ചീഫ് ജസ്റ്റിസ് ഗീത മിത്തലിന് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ലഫ്‌റ്റനന്‍റ് ഗവര്‍ണറായിരുന്ന മുന്‍ ഐഎഎസ് ഓഫീസര്‍ ഗിരിഷ് ചന്ദ്ര മുര്‍മു രാജി വെച്ച ഒഴിവിലാണ് നിയമനം. അദ്ദേഹത്തെ കണ്‍ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലായി നിയമിച്ചിട്ടുണ്ട്.
മുന്‍ ഗവര്‍ണര്‍മാരുടെ ഉപദേശകരായ ഫറൂഖ് ഖാന്‍, ബസീര്‍ ഖാന്‍ തുടങ്ങിയവരും, മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലീസുകാരും ചടങ്ങില്‍ പങ്കെടുത്തു. രാജ്യസഭാംഗം നസീര്‍ അഹമ്മദ് ലാവയ്, ബിജെപി ലോക്‌സഭ അംഗം ജുഗല്‍ കിഷോര്‍ ശര്‍മ, അപ്‌നി പാര്‍ട്ടി നേതാവ് ഗുലാം ഹാസന്‍ മിര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.