ദിസ്‌പുർ: തേയില ലേലത്തിൽ റെക്കോർഡിട്ടിരിക്കുകയാണ് അസമിൽ ഉൽപാദിപ്പിക്കുന്ന 'മനോഹാരി ഗോൾഡ് ടീ'. ഒരു കിലോഗ്രാമിന് 75,000 രൂപയ്ക്കാണ് ഈ തേയില ലേലം ചെയ്തത്. ഇതിലൂടെ ഗുവഹത്തി ടീ ലേല കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം വർഷവും റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് മനോഹാരി ഗോൾഡ് ടീ. വിഷ്ണു ടീ കമ്പനിയാണ് ഈ വർഷം പൊന്നും വില കൊടുത്ത് ഈ തേയില ലേലത്തിൽ പിടിച്ചത്.
2018ൽ ഒരു കിലോഗ്രാമിന് 39,001രൂപയ്ക്കും 2019 ൽ ഒരു കിലോഗ്രാമിന് 50,000 രൂപയ്ക്കുമാണ് മനോഹാരി തേയില ലേലം ചെയ്തത്. ഈ വർഷം നിർമിച്ച 2.5 കിലോഗ്രാം തേയിലയിൽ 1.2 കിലോഗ്രാം ലേലത്തിൽ വിറ്റെന്നും ബാക്കി വിവിധ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണെന്നും മനോഹാരി ടീ എസ്റ്റേറ്റ് ഡയറക്ടർ അറിയിച്ചു. ലോകത്തിലെ അപൂർവമായ ഈ തേയിലയുടെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.