ന്യൂഡല്‍ഹി: കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്കുള്ള പാക് ക്ഷണം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിരസിച്ചു. എന്നാല്‍ വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ചതിന് ശേഷമെ അന്തിമ തീരുമാനം എടുക്കുകയുള്ളു എന്നാണ് മൻമോഹൻ സിങുമായി അടുത്ത വൃത്തങ്ങൾ നല്‍കുന്ന സൂചന. അടുത്ത മാസം ഒമ്പതിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്ഥാന്‍ ക്ഷണിച്ചിട്ടില്ല. സിഖ് വിഭാഗക്കാരുടെ നേതാവെന്ന നിലയിലാണ് മുന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതെന്ന് പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.
ഗുരു നാനാക്കിന്‍റെ സമാധിസ്ഥലമായ കർത്താപുർ ഗുരുദ്വാര ഇപ്പോൾ പാകിസ്ഥാനിലാണ്. സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ഇവിടേക്ക് ഇന്ത്യയിൽ നിന്ന് ഒരു സ്ഥിരം പാത വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. എന്നാൽ, നയതന്ത്രതർക്കങ്ങളിൽ കുരുങ്ങി അത് നടപ്പായിരുന്നില്ല. ഒടുവിൽ ചർച്ചക്ക് വാതിൽ തുറന്ന പാക് പ്രധാനമന്ത്രി കർത്താപുര്‍ ഗുരുദ്വാരയിലേക്കുള്ള പാത നിര്‍മിക്കാന്‍ സമ്മതിക്കുകയായിരുന്നു. കര്‍ത്താപുര്‍ ഇടനാഴിക്ക് കഴിഞ്ഞ നവംബറിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തറക്കല്ലിട്ടത്.
അതിനിടെ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ പാകിസ്ഥാന്‍റെ പ്രകോപനത്തിന് കരസേന തിരിച്ചടി നല്‍കിയിരുന്നു. അതിര്‍ത്തിക്കപ്പുറത്ത് രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സേനയുടേത് പ്രകോപനമില്ലാതെയുള്ള ആക്രമണമെന്നാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.