ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലിന്‍റെ ഉത്തരവ് വിവാദമാകുന്നു. കൊവിഡ് രോഗികൾ ക്വാറന്റൈൻ കേന്ദ്രം സന്ദർശിക്കണമെന്ന ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഇതിന് മുമ്പും ഗവർണർ ഉത്തരവിട്ട നിബന്ധനകൾ പിൻവലിച്ചിരുന്നു. അതുപോലെ പുതിയ ഉത്തരവിന്‍റെയും പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കി പിൻവലിക്കണമെന്നാണ് കത്തിൽ സിസോദിയ ആവശ്യപ്പെടുന്നത്. ഉത്തരവ് പ്രകാരം രോഗികൾ ബസിൽ യാത്ര ചെയ്ത് ആശുപത്രിയിലേക്കും ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കും എത്തുന്നതിന് സാധ്യത ഏറെയാണ്. കൂടാതെ ആശുപത്രി അധികൃതർക്ക് കൂടുതൽ ബുദ്ധിമുട്ടാകുകയും ചെയ്യുന്നു. പൊതുജനാരോഗ്യം മുൻ നിർത്തി ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് സിസോദിയയുടെ ആവശ്യം.
ഇതേ ആവശ്യം ഉന്നയിച്ച് ആദ്യം ഗവർണർക്ക് കത്തയച്ചിരുന്നെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചില്ലെന്ന് സിസോദിയ പറയുന്നു. തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഇത് സംബന്ധിച്ച് കത്തയച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനം കൂടാതെ ഡൽഹിയുടെ ആരോഗ്യ വകുപ്പിന്‍റെ ചുമതലയും സിസോദിയക്കാണ് നിക്ഷിപ്തമായിട്ടുള്ളത്. ദിവസേന മൂവായിരം-നാലായിരം പോസിറ്റീവ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നാലായിരത്തിലധികം രോഗികളെ കണ്ടെത്തി. നിലവിൽ കെജ്‌രിവാൾ മോഡൽ അനുസരിച്ച് മെഡിക്കൽ സംഘം രോഗിയെ വീട്ടിലെത്തി പരിശോധിക്കുകയാണ് ചെയ്യുന്നത്. വീട്ടിൽ സുരക്ഷിതമായ ക്വാറന്‍റൈന്‍ സൗകര്യം ഇല്ലാത്തവർ മാത്രം ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറിയാൽ മതിയാകും. ഇതുവരെ 66,602 പേർക്കാണ് തലസ്ഥാനത്ത് രോഗം പിടിപ്പെട്ടത്. ഇതിൽ 39000ലധികം പേർക്ക് സുഖം പ്രാപിച്ചു.