ഇംഫാൽ: ലണ്ടനിൽ മണിപ്പൂർ സര്‍ക്കാരിനെ രൂപവൽകരിച്ച് സംസ്ഥാന ഭരണകൂടത്തിനെ വെല്ലുവിളിച്ച വിഘടനവാദികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ആഗസ്റ്റില്‍ ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയ യാംബെന്‍ ബിരെന്‍, നരേംഗ്ബാം സമര്‍ജിത് എന്നിവരുടെ എല്ലാ അക്കൗണ്ടുകളും അടിയന്തരമായി മരവിപ്പിക്കാനാണ് നിർദേശം. രാഷ്‌ട്രത്തിനെതിരായി ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾക്കോ നിയമവിരുദ്ധ കാര്യങ്ങൾക്കോ ഇവർ പണം ഉപയോഗിക്കുമെന്ന സംശയത്തിലാണ് ഇരുവരുടെയും പണമിടപാടുകൾ നിർത്തലാക്കുന്നതെന്ന് സ്‌പെഷ്യൽ സെക്രട്ടറി രഘുമാനി സിങ് അറിയിച്ചു.
യാംബെന്‍ ബിരെന്‍ പ്രധാന മന്ത്രിയായും നരേംഗ്ബാം സമര്‍ജിത് പ്രതിരോധം, വിദേശകാര്യ മന്ത്രിയായും ചുമതലയേറ്റെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു പ്രസ്‌താവന. മണിപ്പൂർ ഭരണത്തലവൻ ലീഷെംബ സനജോബ രാജാവിന്‍റെ നാമത്തില്‍ തങ്ങൾ 'സര്‍ക്കാര്‍' രൂപീകരിക്കുകയാണെന്ന് ഇവർ പറഞ്ഞെങ്കിലും ലീഷെംബ സനജോബ തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി.
സംസ്ഥാനത്തിനെതിരെ വെല്ലുവിളി ഉയർത്തിയതിന് ഇംഫാൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് വെളിപ്പെടുത്തി. കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)ക്ക് കൈമാറുന്നതിന് മുമ്പ് ക്രൈംബ്രാഞ്ചിനോട് പ്രത്യേക അന്വേഷണം ആരംഭിക്കാൻ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ഇരുവരുടെയും കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും കൂടാതെ സമര്‍ജിത്തിനെ സലായ് ഹോൾഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിലും അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.