ന്യൂഡല്‍ഹി: മലപ്പുറത്തെ വെള്ളിയാറയില്‍ സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും എംപിയുമായ മനേകാ ഗാന്ധി. മലപ്പുറത്ത് മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ വര്‍ധിച്ചു വരുകയാണെന്നും അധികാരികള്‍ ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും മനേകാ ഗാന്ധി കുറ്റപ്പെടുത്തി. ആകെ ചെയ്യാന്‍ കഴിയുന്നത് നടപടി സ്വീകരിക്കുമെന്ന് പറയുക മാത്രമാണെന്നും മനേകാ ഗാന്ധി ട്വീറ്റ് ചെയ്‌തു. കേരളത്തില്‍ അറുനൂറിലധികം ആനകളാണ് പട്ടിണി മൂലവും പരിക്കുകളേറ്റും ചെരിഞ്ഞത്. ഇത് സംബന്ധിക്കുന്ന രേഖകളും മനേക ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ഇതുമായി ബന്ധപ്പെട്ട വകുപ്പിനോട് നടപടി സ്വീകരിക്കാന്‍ പറയുന്നു. എന്നാല്‍ അവര്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
സംസ്ഥാന വനം വകുപ്പ് മന്ത്രിയുടേയും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും ഫോണ്‍ നമ്പറുകളും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മെയ് 27നാണ് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് കാട്ടാനയ്‌ക്ക് ദാരുണ അന്ത്യം സംഭവിച്ചത്. സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തതായി മണ്ണാര്‍കാട് വന മേഖല ഉദ്യോഗസ്ഥര്‍ പറഞ്ഞു.