ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മണ്ടാല ജില്ലയിലാണ് ആറ് പേര്‍ കൊലപ്പെട്ടത്. സസ്‌പെന്‍ഷനിലായവരില്‍ മണേരി പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജും ഉള്‍പ്പെടുന്നു. നിരുത്തരവാദിത്വപരമായി കേസ് കൈകാര്യം ചെയ്‌തതിനാണ് നടപടിയെന്ന് മണ്ടാല പൊലീസ് സുപ്രണ്ട് ദീപക് ശുക്ല പറഞ്ഞു. ബുധനാഴ്‌ച ബിജാദാണ്ടി താനെ ഗ്രാമത്തിലെ രാജര്‍ സോണിയുടെ ബന്ധുക്കളായ ഹരിയും സന്തോഷ് സോണിയുമാണ് രാജര്‍ സോണിയുടെ കുടുംബത്തിലെ ആറ് പേരെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മണേരി ഗ്രാമത്തിലാണ് രാജര്‍ സോണിയും കുടുംബവും താമസിച്ചിരുന്നത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
പ്രതികളിലൊരാളെ ആള്‍ക്കൂട്ടം തല്ലി അവശനാക്കുകയും രണ്ടാമത്തെ പ്രതിയുടെ കാലിന് പൊലീസ് വെടിയേറ്റ് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. മാനസികാസ്ഥ്യമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും പൊലീസിനെ ആക്രമിച്ചപ്പോള്‍ സ്വയം രക്ഷക്കായാണ് പൊലീസിന് വെടിവെക്കേണ്ടി വന്നതെന്നും മണ്ടാല അഡീഷണല്‍ പൊലീസ് സുപ്രണ്ട് വിക്രം സിങ് കുശ്‌വഹ പറഞ്ഞു. പ്രതികളുടെ കൈയില്‍ മഴു, വാള്‍, മുളക് പൊടിയും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്യാന്‍ വന്ന പൊലീസുകാരെ ഇവര്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.