ഭുവനേശ്വർ : ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ വനത്തിന് സമീപം കാട്ടാന ഒരാളെ ചവിട്ടിക്കൊന്നു. 65 കാരനായ ആലു ലച്ചേയയാണ് കൊല്ലപ്പെട്ടത്. ദിഗപഹണ്ടി വനമേഖലയിലെ നിമാപ്പള്ളി ഗ്രാമത്തിലെ ഫാമിലെ ജോലിക്കാരനാണ് മരിച്ച ആലു ലച്ചേയ. കാട്ടാന ഫാമിലെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ബെർഹാംപൂരിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) അംലൻ നായക് പറഞ്ഞു.
സംഭവം നടന്നയുടനെ ഇയാളെ ദിഗപഹണ്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മരിച്ചയാളുടെ ഭാര്യക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു. സംഭവം നടന്ന നിമാപ്പള്ളിയിലും പരിസരത്തും ഒറ്റയാന്‍ ദിവസങ്ങളായി അലഞ്ഞ് തിരയുന്നത് കണ്ടതായും ഡിഎഫ്‌ഒ പറഞ്ഞു.