പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കൊല്ലുന്നയാൾക്ക് പാരിതോഷികമായി പണം നൽകുമെന്ന് പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചയാൾ പിടിയിലായി. ബിഹാർ സ്വദേശിയായ ധർമേന്ദ്ര കുമാർ പാണ്ഡെയെ പഞ്ചാബിൽ നിന്നുമാണ് പിടികൂടിയത്. ഇയാൾക്ക് മാനസിക പ്രശ്‌നമുള്ളതായി പഞ്ചാബ് പൊലീസ് അറിയിച്ചു.
മുഖ്യമന്ത്രിയെ കൊല്ലുന്നയാൾക്ക് 25 ലക്ഷം രൂപ നൽകുമെന്നാണ് പാണ്ഡെ വീഡിയോയിൽ പറഞ്ഞത്. മൊബൈൽ നമ്പറും മറ്റ് വിശദാംശങ്ങളും പരിശോധിച്ചപ്പോൾ ലുധിയാനയിലാണ് ഇയാൾ ഉള്ളതെന്ന് കണ്ടെത്തി പിടികൂടുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥൻ സിയാറാം സിങ് പറഞ്ഞു. രാജ്യവ്യാപകമായി ലോക് ഡൗൺ പ്രഖ്യാപിച്ചതുമൂലം പ്രതിയെ ബിഹാറിലേക്ക് കൊണ്ടുവരുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതും എങ്ങനെയെന്ന് വ്യക്തമല്ലെന്ന് ബിഹാർ പൊലീസ് അറിയിച്ചു.