പനാജി: ഉത്തർപ്രദേശ് മന്ത്രിയായി ചമഞ്ഞ് പത്ത് ദിവസത്തിലേറെ ദിവസം ഗോവയിലെ ഗസ്റ്റ് ഹൗസിൽ താമസിച്ചയാൾ പിടിയിൽ. വ്യാജരേഖകൾ സമർപ്പിച്ച് നടത്തിയ തട്ടിപ്പിൽ കൂടെയുണ്ടായിരുന്ന നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ നിർദേശത്തെ തുടർന്നാണ് പ്രതിയായ സുനിൽ സിംഗിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്‌തത്.
പിടിക്കപ്പെടുന്നതിന് മുമ്പ് ഏകദേശം 12 ദിവസത്തോളം സംസ്ഥാന ഗസ്റ്റ് ഹൗസിൽ സുനിൽ സിങ് താമസിച്ചിരുന്നു. ഗോവ മുഖ്യമന്ത്രിയുമായി കൂടികാഴ്‌ച നടത്തണമെന്ന് പോലും ഇയാൾ ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് മന്ത്രിസഭയിലെ സഹകരണ മന്ത്രി എന്ന് തെളിയിക്കുന്ന രേഖകൾ കാണിച്ചതിനാൽ ഒരു വ്യക്തിഗത സുരക്ഷാ ജീവനക്കാരനെയും ഗോവ പൊലീസിൽ നിന്ന് നൽകി. തുടർന്നുള്ള കേസന്വേഷണത്തിൽ യുപി സർക്കാരിന്‍റെ സഹകരണം ആവശ്യപ്പെടുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
കഴിഞ്ഞയാഴ്ച ഗോവ സഹകരണ മന്ത്രി ഗോവിന്ദ് ഗവാഡെയെ പ്രതി സന്ദർശിക്കുകയും വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്‌തിരുന്നു. ഏകദേശം പത്ത് മിനിറ്റോളം സംസാരിച്ച പ്രതിയെക്കുറിച്ച് തനിക്ക് സംശയം തോന്നിയിരുന്നതായി ഗവാഡെ വ്യക്തമാക്കി. വീട്ടിൽ തിരിച്ചെത്തിയ ഗവാഡെ ഇന്‍റർനെറ്റിൽ വിവരങ്ങൾ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മറ്റ് തിരക്കുകളിലേക്ക് പ്രവേശിച്ചതിനാൽ ഇക്കാര്യം പിന്തുടരാനായില്ലെന്നും ഗവാഡെ പറഞ്ഞു. ദക്ഷിണ ഗോവയിലെ ഒരു സ്‌കൂൾ ചടങ്ങിലും പ്രതി പങ്കെടുത്തിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.