ബെംഗളൂരു : സ്വത്ത് തർക്കത്തിന്‍റെ പേരിൽ ഭാര്യയേയും ഭാര്യ മാതാവിനെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. മകനോടൊപ്പം ബെംഗളൂരുവിൽ താമസിച്ചിരുന്ന ഭാര്യയെ വീട്ടിലെത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം കൊൽക്കത്തയിലെത്തി ഭാര്യ മാതാവിനെ കൊലപ്പെടുത്തുകയായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്‍റായ അമിത് അഗർവാൾ എന്നായളാണ് ശിൽപി എന്ന 36 കാരിയെ കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ 10 വയസ്സുള്ള മകനോടൊപ്പം കൊൽക്കത്തയിലേക്ക് പോവുകയായിരുന്നു.
ബെംഗളൂരവിലെ ഒരു അപ്പാർട്ട്മെന്‍റിന്‍റെ അടുക്കളയ്ക്കടുത്ത് ശിൽപിയുടെ (36) മൃതദേഹം കണ്ടെത്തുകയായിരുന്നു എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി-ഈസ്റ്റ്) എൻ.എം അനുചേത്ത് പറഞ്ഞു. 10 വയസ്സുള്ള മകനെ സഹോദരനോടൊപ്പം നിർത്തി അഗർവാൾ കൊൽക്കത്തയിലെ പൂൾബഗൻ പ്രദേശത്തെ ശിൽപയുടെ മാതാപിതാക്കളുടെ വീട്ടിൽ എത്തുകയും അമ്മായിയമ്മ ലലിത ധണ്ഡാനിയയെ (62) വെടിവെച്ചു കൊല്ലുകയും ചെയ്തു. തുടർന്ന് ഇയാൾ ആത്മഹത്യ ചെയ്തു. സ്വത്ത് തർക്കത്തിന്‍റെ പേരിലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
ദമ്പതികൾ വേർപിരിഞ്ഞ് വിവാഹമോചനത്തിന് അപേക്ഷ നൽകിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ശിൽപിയുമായി വേർ പിരിഞ്ഞ ശേഷം അഗർവാൾ കൊൽക്കത്തയിലേക്ക് താമസം മാറിയതായും അനുചേത്ത് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ അഗർവാൾ തന്‍റെ ഭാര്യയെ കൊന്നതായി സമ്മതിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ മരണമടഞ്ഞ 42 കാരനായ അമിത് അഗർവാളിനെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം പൊലീസ് നരഹത്യ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.