ഷിലോങ്: ബഥാനി ആശുപത്രിയുടെ ജനാലയിലൂടെ താഴേക്ക് ചാടി 26 കാരൻ മരിച്ചു. ഇയാൾക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. മാർച്ച് 30നാണ് ലഹരി വസ്തുക്കളുടെ ഉപയോഗത്തെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് നേരത്തെ തന്നെ മാനസിക പ്രശ്നമുള്ളതായി മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ പറഞ്ഞു.
ആശുപത്രിയിലെ ഒരു സീനിയർ ഡോക്ടർക്കും തിങ്കളാഴ്ച കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് ആശുപത്രി സീൽ വച്ച് ക്വാറന്‍റൈൻ കേന്ദ്രമാക്കി. ആശുപത്രിയുടെ എല്ലാ നിലകളും അണുവിമുക്തമാക്കി. ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ 48 മണിക്കൂർ ഷില്ലോംഗ് ജില്ലാ മജിസ്‌ട്രേറ്റ് ഷില്ലോംഗ് ഏരിയയിൽ കർഫ്യൂ ഏർപ്പെടുത്തി. മാർച്ച് 22ന് ശേഷം ബഥാനി ആശുപത്രി, നോംഗ്രിം ഹിൽസ്, ഷില്ലോംഗ് എന്നിവിടങ്ങൾ സന്ദർശിച്ചവർ 108 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് ബന്ധപ്പെടാൻ സർക്കാർ അഭ്യർഥിച്ചു.