പുതുച്ചേരി: കൊവിഡ് ബാധിച്ച് പുതുച്ചേരിയില്‍ ഒരു മരണം. 80 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ പുതുച്ചേരിയിലെ ആകെ രോഗബാധിതരുടെ എണ്ണം 904 ആയി ഉയര്‍ന്നു. 53കാരനായ ഒരാളാണ് ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചതെന്ന് ആരോഗ്യ കുടുംബക്ഷേമ ഡയറക്‌ടര്‍ എസ് മോഹന്‍ കുമാര്‍ പറഞ്ഞു. കടുത്ത പുകവലിക്കാരനായ ഇയാള്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പ്രമേഹം രക്തസമ്മര്‍ദം പോലുള്ള അസുഖം ഉണ്ടായിരുന്നില്ലെന്നും കൊവിഡ് പോസിറ്റീവായ ഇയാള്‍ വെള്ളിയാഴ്‌ച മരിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുച്ചേരിയില്‍ നിലവില്‍ 485 പേരാണ് ചികില്‍സിയില്‍ തുടരുന്നത്. 405 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. ഇതുവരെ 14 പേരാണ് ഇവിടെ കൊവിഡ് മൂലം മരിച്ചത്.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സ്‌ത്രീകളും 40 പേര്‍ പുരുഷന്മാരുമാണ്. നാലു പേര്‍ 18 വയസിന് താഴെയുള്ളവരും, 12 പേര്‍ 60 വയസിന് മുകളിലുള്ളവരുമാണ്. ജിപ്‌മെര്‍, കാരായ്‌ക്കല്‍, യാനം ആശുപത്രികളില്‍ ചികില്‍സയിലാണിവര്‍. 24 മണിക്കൂറിനിടെ 18 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. ഇതുവരെ പരിശോധിച്ച 19,560 സാമ്പിളുകളില്‍ 18,375 പേരുടെ ഫലം നെഗറ്റീവാണ്. കൊവിഡിനെ നിയന്ത്രിക്കാന്‍ ജനങ്ങളുടെ സഹകരണം കൂടിയേ തീരുവെന്ന് ആരോഗ്യമന്ത്രി മല്ലാഡി കൃഷ്‌ണ റാവു പറഞ്ഞു. മാസ്‌കുകള്‍ ധരിക്കുകയും സാനിറ്റൈസറുകള്‍ ഉപയോഗിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.