ജയ്‌പൂര്‍: രാജസ്ഥാനില്‍ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആരും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മോഷണം നടത്തിയെന്ന് ആരോപിച്ച് ജീതുവിനെയാണ് (22) കസ്റ്റഡിയിലെടുത്തത്.
ആരോഗ്യം മോശമായതിനെ തുടർന്ന് പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരിക്കുകയായിരുന്നെന്ന് ബാർമറിലെ പൊലീസ് സൂപ്രണ്ട് ശരദ് ചൗധരി പറഞ്ഞു. കസ്റ്റഡി മരണത്തിനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്‌ആർസി) മാർഗനിർദേശപ്രകാരം എസ്എച്ച്ഒ ദീപ് സിങ്ങിനെ സസ്പെൻഡ് ചെയ്തു. പൊലീസുകാര്‍ പീഡിപ്പിച്ചതിനാലാണ് ജീതുവിന്‍റ ആരോഗ്യം മോശമായതും മരണമടഞ്ഞതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. പാർലമെന്‍ററി കാര്യമന്ത്രി ശാന്തി ധരിവാൾ വെള്ളിയാഴ്‌ച സംഭവം നിയമസഭയിൽ ഉന്നയിച്ചു.