മുംബൈ: മഹാരാഷ്‌ട്രയിലെ ബാന്ദ്രയില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഒത്തുകൂടിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. നാട്ടിലേക്ക് പോകാനായി ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിക്കാൻ പ്രേരിപ്പിക്കും വിധം സമൂഹമാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചിരുന്നു. സംഭവത്തിൽ വിനയ് ദുബൈ എന്നയാളെയാണ് നവി മുംബൈയില്‍ വെച്ച് പൊലീസ് പിടികൂടിയത്.
ലോക്‌ഡൗണ്‍ ആരംഭിച്ചതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങിയിരിക്കുകയാണെന്നും അവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാൻ സര്‍ക്കാര്‍ അനുവാദം നൽകണമെന്നുമാവശ്യപ്പെട്ടുള്ള വീഡിയോ വിനയ് ദുബൈ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 18 നകം യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ദേശീയ തലത്തില്‍ പ്രതിഷേധം നടത്തണമെന്നും വിനയ് ട്വീറ്റ് ചെയ്‌തിരുന്നു. ബാന്ദ്രാ റെയില്‍വെ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം കുടിയേറ്റ തൊഴിലാളികള്‍ ഒത്തുകൂടിയതിന് പിന്നിൽ ഈ സന്ദേശങ്ങളാണെന്നാണ് പൊലീസ് കരുതുന്നത്. ബിഹാര്‍,പശ്ചിമ ബംഗാള്‍,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ തൊഴിലാളികളാണ് ഒത്തുകൂടിയത്.