ഹൈദരാബാദ്: സൈബരാബാദിൽ ഏഴുവയസുകാരനെ മർദിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. പാർക്കിങ്ങിന് തടസം സൃഷ്‌ടിച്ചെന്ന കാരണത്താൽ ക്രാന്തി സ്വരൂപ് എന്നയാളാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. സസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ സ്വരൂപ് കുറ്റകൃത്യം നടത്തിയതായി തെളിയുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് സ്വരൂപിനെതിരെ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ നവംബർ എട്ടിനാണ് കേസിനാസ്‌പദമായ സംഭവം.
തന്‍റെ അപാർട്ട്മെന്‍റിന്‍റെ പാർക്കിങ് ഏരിയയിലേക്ക് കാറുമായി സ്വരൂപെത്തിയപ്പേൾ സൈക്കിളിൽ നിൽക്കുകയായിരുന്നു കുട്ടി. തുടർന്ന് തനിക്ക് തടസം സൃഷ്‌ടിച്ചെന്ന പേരില്‍ കുട്ടിയെ കാറിൽ നിന്നിറങ്ങിയ സ്വരൂപ് മർദിച്ചു. സ്വരൂപിനെതിരെ ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും കേസെടുത്തു.