മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ കോടതി വെറുതെ വിട്ടു - crime news
പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

മുംബൈ: മകളെ പീഡിപ്പിച്ച കേസിൽ അമ്പത്തൊന്നുകാരനെ കോടതി വെറുതെവിട്ടു. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് മഹാരാഷ്‌ട്ര ജില്ലാ കോടതി പ്രതിയെ വെറുതെവിട്ടത്. ലൈംഗിക ആക്രമണം, അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
പെൺകുട്ടിയുടെ കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ പിരിഞ്ഞു. ശേഷം കുട്ടി പിതാവിന്‍റെ കൂടെ താനെയിലാണ് താമസിച്ചിരുന്നത്. പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോഴാണ് പീഡിപ്പിച്ചതെന്നും പ്രതി നിരന്തരം കുട്ടിയെ പീഡിപ്പിക്കാറുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
2017 ഡിസംബർ 25 നാണ് സംഭവം നടക്കുന്നത്. ഉറങ്ങിക്കിടന്ന കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ആക്രമണത്തിനിടെ പെൺകുട്ടിക്കും പിതാവിനും പരിക്ക് പറ്റിയിട്ടുണ്ട്. രക്ഷപ്പെട്ട പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയോടി അയൽവാസിയെ വിവരം അറിയിച്ചു. ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ വ്യാജമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.