കൊൽക്കത്ത: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നും സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും ആഹ്വാനം ചെയത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊവിഡിനെ നേരിടാൻ ജനങ്ങൾ സർക്കാരുമായി സഹകരിക്കണമെന്നും മമതാ ബാനർജി ആവശ്യപ്പെട്ടു.
കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാർക്ക് സുരക്ഷ ഉറപ്പ് വരുത്താൻ പശ്ചിമ ബംഗാൾ സർക്കാർ ശ്രമിക്കുകയാണെന്നും ഈ നിർണായക ഘട്ടത്തിൽ കൂട്ടായ പരിശ്രമങ്ങളും പൊതു സഹകരണവും മാത്രമാണ് കൊവിഡിനെ നേരിടാനുള്ള വഴിയെന്നും മമതാ ബാനർജി തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
ജനങ്ങൾ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പാടുള്ളുവെന്നും മമത ജനങ്ങളോട് ആവശ്യപ്പെട്ടു. കൊവിഡിനെ നമ്മൾ ഒരുമിച്ച് നേരിടുമെന്നും മമത പറഞ്ഞു. കൊവിഡ് 19 പടരുന്ന സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ മാർച്ച് 27 അർധരാത്രി വരെ ഭാഗീകമായി സംസ്ഥാനം അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു. അതേ സമയം, തിങ്കളാഴ്ച പശ്ചിമ ബംഗാളിൽ കൊവിഡ് 19 ബാധിച്ച് ഒരു വൃദ്ധൻ മരിച്ചു. നിലവിൽ ആറ് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.