ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ഐക്യരാഷ്‌ട്രസഭ ഇടപെടണമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്‌താവനയെ രൂക്ഷമായി വിമര്‍ശിച്ച കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍. മമതയ്‌ക്ക് ഇന്ത്യയിലെ സംവിധാനങ്ങളില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇത്തരം പ്രസ്‌താവനകള്‍ ഇറക്കുന്നതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍ നിന്നും ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ല. തീര്‍ത്തും ആഭ്യന്തരമായ വിഷയത്തിലാണ് ഇപ്പോള്‍ ഐക്യരാഷ്‌ട്രസഭ ഇടപെടണമെന്ന് പറയുന്നത്. ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ മമതയുടെ പ്രസ്‌താവന തികച്ചും നിരുത്തരവാദിത്തപരമാണെന്നും നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് വിഷയത്തില്‍ ഐക്യരാഷ്‌ട്ര സംഘടന ഇടപെടണമെന്നും, പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ജനങ്ങളുടെ അഭിപ്രായം അറിയണമെന്ന് മമത ബാനര്‍ജി അഭിപ്രായപ്പെട്ടത്. പൗരത്വ നിയമം ഭേദഗതി ചെയ്‌തതിന് പിന്നാലെ രൂക്ഷവിമര്‍ശനമായി രംഗത്തെത്തിയ തൃണമൂല്‍ നേതാവ് ദേശീയ പൗരത്വ രജിസ്‌റ്റര്‍ ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.