കൊൽക്കത്ത : കൊവിഡ് ഭീതിയിൽ പശ്ചിമ ബംഗാൾ വിറങ്ങലിച്ച് നിൽക്കുമ്പോൾ മുഖ്യമന്ത്രി മമതാ ബാനർജി ഒളിച്ചിരിക്കുകയാണെന്ന ആരോപണവുമായി ബിജെപി. ജനങ്ങൾ മുന്നില്‍ സംസ്ഥാന ചീഫ് സെക്രട്ടറി രാജീവ് സിൻഹയെ കാണാനില്ലെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാഹുൽ സിൻഹ ആരോപിച്ചു.
കൊവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ മമതയുടെ തന്നെ മന്ത്രിമാർ ചോദ്യം ചെയ്യുമ്പോൾ മുഖ്യമന്ത്രി ഒളിവിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് ആരോപിച്ചു.
ബംഗാൾ സ്വദേശികളായ നിരവധി പേർ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്. അവരെ തിരിച്ചുകൊണ്ടു വരാനായി എട്ട് പ്രത്യേക ട്രെയിനുകൾ റെയിൽവേ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. എന്നാൽ ഈ അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും എവിടെ പോയി എന്ന് സിൻഹ ചോദിച്ചു.
ഈ സാഹചര്യത്തിൽ ഇരുവരും ആരുമായും ആശയ വിനിമയം നടത്തുന്നില്ല. സംസ്ഥാനത്ത് നൂറുകണക്കിന് ആളുകൾക്ക് കൊവിഡ് ഇതിനോടകം പിടിപെട്ടതിന് കാരണം മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും നിലപാടുകളാണെന്നും സിൻഹ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 1,786 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.