ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ യഥാര്‍ഥ കൊവിഡ് വ്യാപന സാഹചര്യത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജി മറച്ചു പിടിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് ബാബുൽ സുപ്രിയോ. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ കൊറോണ വൈറസ് സ്ഥിതി കൈകാര്യം ചെയ്യുന്ന രീതി തികച്ചും ലജ്ജാകരമാണ്. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് പിപിഇ കിറ്റുകൾക്കും മറ്റും കേന്ദ്രത്തിന്‍റെ സഹായം ആവശ്യമാണ്. എന്നാല്‍ കേന്ദ്രത്തിന്‍റെ സഹായം ആഗ്രഹിക്കുന്നുണ്ടെങ്കിലും മമത സര്‍ക്കാര്‍ കേന്ദ്രത്തെ സദാ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ബാബുൽ സുപ്രിയോ ആരോപിച്ചു.
ബംഗാൾ സർക്കാരിനും മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ സുപ്രിയോയും പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എംപിമാരും മറ്റ് പാർട്ടി നേതാക്കളും പ്രതിഷേധിച്ചു. ലോക്ക് ഡൗണില്‍ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അതേസമയം ബംഗാളില്‍ കൊവിഡ് ബാധിതരായ ഡോക്‌ടര്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും സുപ്രിയോ ചൂണ്ടിക്കാട്ടി.