ന്യൂഡൽഹി: ഡൽഹിയിലെ കണ്ടെയിൻമെന്റ് സോണുകളിൽ സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ നിർദേശം. സംസ്ഥാനത്തെ കണ്ടെയിൻമെന്‍റ് സോണുകളെ വീണ്ടും രേഖപ്പെടുത്തണമെന്നും ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങളും നിരീക്ഷണവും ഉറപ്പാക്കണമെന്നും യോഗത്തിൽ അറിയിച്ചു. ജൂൺ 27 മുതൽ ജൂലായ് പത്ത് വരെ 20,000 പേരുടെ സാമ്പിൾ പരിശോധന ഉൾപ്പെടുത്തിക്കൊണ്ട് സെറോളജിക്കൽ സർവേ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം കണ്ടെയിൻമെന്‍റ് സോൺ അല്ലാത്ത മേഖലകളിലെ വീടുകൾ ലിസ്റ്റ് ചെയ്യാനും നിരീക്ഷിക്കാനും തീരുമാനിച്ചു.
ഡോ.വി.കെ പോൾ കമ്മിറ്റി തയ്യാറാക്കിയ ഡൽഹിയിലെ കൊവിഡ് 19 നിയന്ത്രണ തന്ത്രങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് യോഗത്തിൽ ചർച്ച ചെയ്തു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം നിയന്ത്രണ തന്ത്രത്തെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനായി ജൂൺ 14 ന് ഡോ.വിനോദ് പോളിന്‍റ് അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.
കൊവിഡ് 19 രോഗികളെ ആശുപത്രികളിലോ കൊവിഡ് കെയർ സെന്‍ററുകളിലോ ഹോം ഐസൊലേഷനിലോ പാർപ്പിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു. കൊവിഡ് കെയർ സെന്‍ററുകളുടെ പ്രവർത്തനം, സന്നദ്ധ സംഘടനകളുടെ സഹായം എന്നിവ യോഗത്തിൽ ചർച്ച ചെയ്തതായും അധികൃതർ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.