ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തിൽ ഡിവിഷണൽ കമാൻഡർ തലത്തിൽ തുടർച്ചയായ മൂന്നാം ദിവസവും "എമർജൻസി മോഡ്" ചർച്ചകൾ നടത്തി. ചർച്ചയിലൂടെ ചില അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയതായി ബന്ധപ്പെട്ട ഓഫീസ് വൃത്തങ്ങൾ ഇടിവി ഭാരതോട് പറഞ്ഞു.
രാവിലെ 10.30ന് ചർച്ച ആരംഭിച്ചതായും തുടർ ചർച്ചകൾ ഉണ്ടാകുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്നും ബന്ധപ്പെട്ട ഓഫീസ് വൃത്തങ്ങൾ പറഞ്ഞു. എൽഎസിക്ക് സമീപം ഇരു സൈന്യങ്ങളും തമ്മിലുള്ള തർക്കം ലഘൂകരിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ഗാൽവാൻ വാലിയിലെ മീറ്റിംഗുകൾ പട്രോൾ പോയിന്‍റ് 14 (പിപി 14) ലാണ് നടന്നത്. ഇന്ത്യ ചൈന അതിർത്തി പ്രശ്നം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഏറ്റവും അക്രമാസക്തമായത് ഗാൽവാൻ വാലിയിൽ നടന്ന ഏറ്റുമുട്ടലാണ്. തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റുമുട്ടലിൽ നിരവധി സൈനികർ ഗാൽവാൻ നദിയിൽ വീണുപോയതായും റിപ്പോർട്ടുകളുണ്ട്. അവസാനം വരെ തോക്കുകൾ ഉപയോഗിക്കാതിരിക്കുകയും ഉത്തരവുകൾ അനുസരിക്കുകയും ചെയ്യുന്നത് ഇന്ത്യൻ സൈനികർക്ക് ലഭിക്കുന്ന പരിശീലനത്തിന്‍റെ മികവാണെന്നും ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സൈന്യവും പിഎൽഎയും യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) പരസ്പരം വെടിയുതിർക്കില്ലെന്ന് പ്രോട്ടോക്കോളും കൺവെൻഷനും പറയുന്നു. ഇന്ത്യ-ചൈന അതിർത്തി സ്‌പെഷ്യലിസ്റ്റ് ഫോഴ്‌സായ ഐടിബിപിയോട് അതീവ ജാഗ്രത പാലിക്കണമെന്നും അതിർത്തിക്കപ്പുറത്തുള്ള ചൈനീസ് പ്രവർത്തനങ്ങളിൽ ശ്രദ്ധാലുവായിരിക്കണമെന്നും ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടു. അതേസമയം, എസ്എസ്ബിയിൽ ഇന്ത്യ-നേപ്പാൾ അതിർത്തി കാവൽകൂടി ശക്തമാക്കുകയാണ് ഇന്ത്യ. ഐടിബിപി ടീമുകൾ സൈന്യവുമായി സംയുക്തമായി പ്രവർത്തിക്കുന്നു എന്നത് ശ്രദ്ധേയമാണ്.