ന്യൂഡല്‍ഹി: 71-ാമത് റിപ്പബ്ലിക് ദിന പരേഡിനെ ആകർഷമാക്കാൻ സിആർപിഎഫിന്‍റെ 'മഹിളാ ' ബൈക്ക് ടീമുണ്ടാകും. ആദ്യമായാണ് സിആർപിഎഫിന്‍റെ മഹിളാ ടീം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്.
2014ലാണ് സിആര്‍പിഎഫ് വനിതാ ബൈക്ക് ടീം രൂപീകരിച്ചത്. സിആര്‍പിഎഫ് പതാക ഉയര്‍ത്തല്‍ ദിനത്തിലും അഹമ്മദാബാദിലെ ആര്‍എഎഫ് വാര്‍ഷികത്തിലും അടുത്തിടെ സമാപിച്ച ദേശീയ ഐക്യദിനാഘോഷങ്ങളിലും ഇവര്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിൽ ഒമ്പത് ബൈക്കുകളിലായാണ് ഇവര്‍ അഭ്യാസ പ്രകടനം നടത്തുക. ഭീകരവാദപ്രവര്‍ത്തനം നടക്കുന്ന ജമ്മുകശ്മീര്‍, മാവോയിസ്റ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഈ സംഘത്തിന്‍റെ സേവനം ഉണ്ട്. ടീമിനെ നയിക്കുന്നത് ഇൻസ്പെക്ടർ സിമാ നാഗാണ്. ആഭ്യന്തര സുരക്ഷയുടെ പരിപാലന ചുമതലയുള്ള രാജ്യത്തെ ഏറ്റവും വലിയ പാരാ മിലിട്ടറി ഫോഴ്‌സാണ് സിആർപിഎഫ്. ധീരത, ഊർജ്ജസ്വലത, നൈപുണ്യം, ആവേശം, ചടുലത എന്നിവ കൈമുതാലാക്കിയ സംഘം ജൻപഥില്‍ നടക്കുന്ന പരേഡില്‍ അഭ്യാസമുറകൾ പ്രദർശിപ്പിക്കുമെന്ന് സിആർപിഎഫ് പുറത്തിറക്കിയ വാർത്താകുറിപ്പില്‍ പറയുന്നു.
2001 ഡിസംബറിൽ നടന്ന പാർലമെന്‍റ് ആക്രമണത്തെ ചെറുക്കുന്നതിൽ ധീരമായ പങ്കുവഹിച്ചതിന് അശോക ചക്ര ബഹുമതി ലഭിച്ച ഫോഴ്‌സിലെ മഹിള അംഗങ്ങളിൽ ഒരാളാണ്. ധീര മെഡലുകള്‍ നേടിയ മറ്റ് വനിതാ ഓഫീസര്‍മാരുമുണ്ട്. കൂടാതെ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ നിരവധി കായിക ഇനങ്ങളിൽ നിരവധി അംഗീകാരങ്ങള്‍ നേടിയവരും സേനയിലുണ്ട്.