മുംബൈ: കൊവിഡ് ചികിത്സാ സഹായങ്ങൾക്കായി കേരളത്തിൽ നിന്ന് ഡോക്‌ടർമാരെയും നഴ്‌സുമാരെയും അയക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്രയുടെ കത്ത്. കൊവിഡ് പോരാട്ടത്തിൽ സഹായിക്കാമെന്ന് കേരള സർക്കാർ വാഗ്‌ദാനം നൽകിയതിനെ തുടർന്നാണ് മഹാരാഷ്‌ട്ര ഔദ്യോഗികമായി കത്തയച്ചത്. മഹാരാഷ്‌ട്രയിൽ കൊവിഡ് രോഗികള്‍ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സംവിധാനം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ ഡയറക്‌ടറേറ്റിലെ ഡോ. ടി.പി ലഹാനെയാണ് കത്തയച്ചത്.
50 ഡോക്‌ടർമാരെയും 100 നഴ്‌സുമാരെയും അയക്കണമെന്നാണ് കേരളത്തോട് ആവശ്യപ്പെട്ടത്. കത്തിന് പ്രതികരണം ലഭിക്കാൻ മഹാരാഷ്‌ട്ര ഇപ്പോഴും കാത്തിരിക്കുകയാണ്. മെഡിക്കൽ സംഘം എത്തിക്കഴിഞ്ഞാൽ എങ്ങനെ നിയമിക്കുമെന്നതിനെക്കുറിച്ച് തീരുമാനിക്കുകയാണ് സർക്കാരെന്ന് ടി.പി ലഹാനെ പറഞ്ഞു. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയും കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള പറ്റി വീഡിയോ കോൺഫറൻസിംഗിലൂടെ കഴിഞ്ഞയാഴ്‌ച ചർച്ച നടത്തിയിരുന്നു. ഇതുവരെ 50,231 കൊവിഡ് കേസുകൾ മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്‌തു.