മുംബൈ: മഹാരാഷ്‌ട്രയിൽ ലോക്ക് ഡൗൺ ഓഗസ്റ്റ് 31 നീട്ടി. കൊവിഡ് പകർച്ചവ്യാധി വർധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനമെടുത്തതെന്ന് ചീഫ് സെക്രട്ടറി സഞ്ജയ് കുമാർ സർക്കുലറിൽ പറഞ്ഞു. 'മിഷൻ ബിഗിൻ എഗെയ്ന്‍റെ ' കീഴിൽ തിയേറ്ററുകൾ, ഫുഡ് കോർട്ടുകൾ, റെസ്റ്റോറന്‍റുകള്‍ എന്നിവയില്ലാതെ മാളുകളും മാർക്കറ്റ് കോംപ്ലക്സുകളും ഓഗസ്റ്റ് അഞ്ച് മുതൽ രാവിലെ ഒൻപതിനും വൈകിട്ട് ഏഴിനും ഇടയിൽ പ്രവർത്തിക്കാവുന്നതാണ്.
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാനുഗതമായി വർധിച്ച് വന്ന സാഹചര്യത്തിൽ ജൂലൈ 31 വരെ ലോക്ക് ഡൗൺ നീട്ടിയിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നത്, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വ്യക്തിഗത ശുചിത്വം എന്നിവ നിർബന്ധിതമാക്കണമെന്ന് സർക്കുലറിൽ പറയുന്നു. പൊതുസമ്മേളനങ്ങൾ പൂർണമായും നിരോധിക്കും. വിവാഹ ചടങ്ങിൽ 50 പേർക്ക് പങ്കെടുക്കാം. ശവസംസ്കാര ചടങ്ങിൽ പരമാവധി 20 പേർക്കെ പങ്കെടുക്കാൻ കഴിയൂ. ഓഗസ്റ്റ് അഞ്ച് മുതൽ ഗോൾഫ് കോഴ്‌സുകൾ, ഔട്ട് ഡോർ ഫയറിംഗ് റേഞ്ച്, ഔട്ട്‌ഡോർ ജിംനാസ്റ്റിക്‌സ്,ടെന്നീസ്, ഔട്ട്‌ഡോർ ബാഡ്മിന്റൺ, മാൽഖാംബ് എന്നിവ ശാരീരിക അകലം പാലിച്ചും ശുചിത്വ നടപടികൾ പ്രകാരവും അനുവദിക്കുമെന്ന് ഉത്തരവിൽ പറയുന്നു. നീന്തൽക്കുളങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. പൊതു ഗതാഗത സംവിധാനത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. ബാർബർ ഷോപ്പുകൾ, സ്പാ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ ജൂൺ 25 മുതൽ ചില നിബന്ധനകളോടെ പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുന്നു.
സംസ്ഥാനത്ത് 9,211പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,00,651 ആയി. വൈറസ് ബാധിച്ച് 298 മരണങ്ങൾക്കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 14,463 ആയി ഉയർന്നു. 7,478 പേർക്ക് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 2,39,755 ആയി. സംസ്ഥാനത്ത് ഇതുവരെ 20,16,234 പേരുടെ സാമ്പിൾ പരിശോധിച്ചു. മുംബൈയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,11,991ആയപ്പോൾ മരണസംഖ്യ 6,247 ആയി.