മുംബൈ: മുംബൈയിലെ ഡബ്ബാവാലകൾക്ക് വീടൊരുക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമാണ് ഇവർക്ക് വീട് ഒരുക്കുകയെന്ന് സർക്കാർ അറിയിച്ചു. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാറാണ് ഡബ്ബാ വാലകൾക്ക് വീടുകൾ ഒരുക്കണമെന്ന് സംസ്ഥാന വകുപ്പുകൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയത്. വീടുകൾ കൂടാതെ മുംബൈ ഡബ്ബാവാല ഭവൻ എന്ന പേരിൽ ഷെൽറ്റർ പണിയാനും തീരുമാനം ആയിട്ടുണ്ട്.
അജിത് പവാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊഴിൽ മന്ത്രി ദിലീപ് വാൽസ്-പാട്ടീൽ, എംഎഎഡിഎ (മഹാരാഷ്ട്ര ഹൗ സിംഗ് ആന്‍റ് ഏരിയ ഡെവലപ്മെന്‍റ് അതോറിറ്റി) വൈസ് പ്രസിഡന്‍റ് മിലിന്ദ് മൈഷ്കർ എന്നിവരും മുംബൈ ഡബ്ബാവാല പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ഇത്തരമൊരു തീരുമാനം എടുത്തതിൽ അജിത് പവാറിനോട് നന്ദി പറയുന്നതായും മുംബൈ ദബ്ബാവാല അസോസിയേഷൻ ഓപ്പറേഷൻ ഹെഡ് സുഭാഷ് തലേക്കർ പറഞ്ഞു.