മുംബൈ: മഹാരാഷ്‌ട്രയില്‍ സർക്കാർ രൂപീകരിക്കാൻ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സർക്കാർ രൂപീകരിക്കാനില്ലെന്ന് ഗവർണറെ അറിയിച്ചതോടെയാണ് രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയെ സർക്കാരുണ്ടാക്കാൻ ഗവര്‍ണര്‍ ക്ഷണിച്ചത്. സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന സൂചന നല്‍കി ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് എംപി രംഗത്തെത്തി. ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കിയ കാര്യം റാവത്ത് ചൂണ്ടിക്കാട്ടി. നാളെ വൈകിട്ട് ഏഴര വരെയാണ് ശിവസേനക്ക് ഗവർണർ സമയം അനുവദിച്ചിരിക്കുന്നത്.
അതേസമയം, സഖ്യത്തിനായി എൻസിപിയിലും കോൺഗ്രസിലും ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. എൻഡിഎ സഖ്യം വിടാതെ ശിവസേനയുമായി ചർച്ചയില്ലെന്ന് എൻസിപി അറിയിച്ചു. കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ശിവസേനയുടെ ലോക്‌സഭ എംപിയും ഏക കേന്ദ്രമന്ത്രിയുമായ അരവിന്ദ് സാവന്ദ കേന്ദ്ര മന്ത്രിസ്ഥാനം രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കോൺഗ്രസിന്‍റെ നിലപാടും ഇനി നിർണായകമാവും.
കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ സർക്കാർ രൂപീകരിക്കാനില്ലെന്ന് ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് ഗവർണർ ഭഗത് സിങ് കോഷ്യാരിയയെ അറിയിച്ചത്. മുന്നണിയായി മത്സരിച്ച ശേഷം ശിവസേന പുറകില്‍ നിന്ന് കുത്തിയെന്ന് ബിജെപി ആരോപിച്ചിരുന്നു.