മുംബൈ: കൊവിഡ് -19 വ്യാപനത്തിനിടയിൽ മാസ്‌കുകളുടെ നിരക്ക് നിയന്ത്രിക്കുന്ന ആദ്യത്തെ സംസ്ഥാനമായി മഹാരാഷ്‌ട്ര സംസ്ഥാന സർക്കാർ. ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വില നിയന്ത്രിക്കുന്നതിനെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. സമിതി ശുപാർശകൾ സമർപ്പിച്ചതായും ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. ഉൽപ്പാദനച്ചെലവ്, അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യത, താങ്ങുവില, വിപണിയിലെ ആവശ്യം എന്നിവയെക്കുറിച്ച് വിശദമായ പഠനത്തിന് ശേഷമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ ശുപാർശ പ്രകാരം വിവിധ തരത്തിലുള്ള എൻ -95 മാസ്‌കുകൾക്ക് 19 മുതൽ 50 രൂപ വരെയും ലെയർ മാസ്‌കുകൾക്ക് 3 മുതൽ 4 രൂപ വരെയുമാണ് വില. സർക്കാരിന്‍റെ അംഗീകാരത്തിനുശേഷം പുതുക്കിയ നിരക്കിൽ മാസ്‌കുകൾ വിൽക്കുന്നത് നിർബന്ധമാക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
നിലവിൽ സംസ്ഥാന സർക്കാർ പൗരൻമാർക്ക് മാസ്‌ക് ധരിക്കേണ്ടത് നിർബന്ധമാക്കുകയും ധരിക്കാത്തവർക്ക് എതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. കൊവിഡ് ഏറ്റവും ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്‌ട്രയിൽ 14,578 പേർക്ക് കൊവിഡ് സ്ഥിരീക്കുകയും 355 മരണങ്ങൾ രേഖപ്പെടുത്തുകയും 16,715 പേർ രോഗമുക്‌തി നേടുകയും ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 11,96,441ആണ്.