മുംബൈ: മഹാരാഷ്‌ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ കെമിക്കല്‍ ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഫാക്‌ടറിയുടെ ഉടമസ്ഥനായ നട്‌വര്‍ലാല്‍ പട്ടേലിനെതിരെ പൊലീസ് കേസെടുത്തു. നട്‌വര്‍ലാല്‍ പട്ടേലിനും സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു. ഫാക്‌ടറിയില്‍ ഇയാള്‍ പരീക്ഷണം നടത്തികൊണ്ടിരിക്കെയാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഫാക്‌ടറിയുടെ നിര്‍മാണത്തിനായി പട്ടേല്‍ മഹാരാഷ്‌ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതി തേടിയിരുന്നു. എന്നാല്‍ വ്യവസായ വികസന കോര്‍പ്പറേഷന്‍റെയും മറ്റ് ഏജന്‍സികളുടെയും അനുമതി വാങ്ങിച്ചിരുന്നില്ല. വിദഗ്‌ധരായ തൊഴിലാളികളെയല്ല ഫാക്‌ടറിയില്‍ നിയമിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
ജനുവരി 11നാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തില്‍ 8 പേര്‍ മരിക്കുകയും 7പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ബോയിസറിലുള്ള അംഗ് ഫാര്‍മയുടെ നിര്‍മാണത്തിലിരിക്കുന്ന പ്ലാന്‍റിലാണ് സ്‌ഫോടനമുണ്ടായത്.