ചെന്നൈ: രാജ്യത്ത് മനുഷ്യജീവന് ഒരു വിലയുമില്ലെന്നും സര്‍ക്കാറിനുമേലുള്ള വിശ്വാസം നഷ്‌ടപ്പെട്ടിരിക്കുന്നുവെന്നും മദ്രാസ് ഹൈക്കോടതി. അണ്ണാ ഡി.എം.കെയുടെ ബാനര്‍ മറിഞ്ഞ് സ്‌കൂട്ടറിന് മുകളില്‍ നിന്ന് റോഡിലേക്ക് വീണ് യുവതി ടാങ്കര്‍ ലോറി കയറി മരിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു ഹൈക്കോടതി.
സംസ്‌ഥാനത്ത് പൊതുസ്‌ഥലങ്ങളില്‍ ഫ്ലക്‌സുകള്‍ക്കും ബാനറുകള്‍ക്കും വിലക്ക് നിലനില്‍ക്കുന്നുണ്ടെങ്കിലും നിയമലംഘനം നടത്തി ഫ്ലക്‌സുബോര്‍ഡുകള്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ സ്‌ഥാപിക്കുന്നത് പതിവാണ്. ഇതിനെതിരെ ഉത്തരവിറക്കി മടുത്തിരിക്കുകയാണെന്നും ജസ്‌റ്റിസ് സേഷാസായി വ്യക്തമാക്കി. ഭരണപരമായ പരാജയത്തെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി അപലപിച്ചത്.
സര്‍ക്കാറിന്‍റെയും പൊലീസിന്‍റയും പൂര്‍ണപരാജയം കാരണമാണ് പെണ്‍കുട്ടിയുടെ മരണത്തിനിടയായതെന്ന് ഡി.എം.കെ നേതാവ് സ്‌റ്റാലിന്‍ കുറ്റപ്പെടുത്തി. നിയമവിരുദ്ധമായി സ്‌ഥാപിക്കുന്ന ഇത്തരം ബാനറുകള്‍ ഒരു ജീവന്‍ കൂടി കവര്‍ന്നു. ഭരണപരമായ ഇത്തരം അരാജതകത്വത്തിനിരയായി ഇനി എത്ര ജീവനുകള്‍ കൂടി നഷ്‌ടപ്പെടുമെന്ന് സ്‌റ്റാലിന്‍ ആശങ്ക പ്രകടിപ്പിച്ചു. ചെന്നൈ സ്വദേശിനിയായ സുഭശ്രീയുടെ മുകലിലേക്കാണ് ബാനര്‍ മറിഞ്ഞുവീണത്. 23 വയസായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്.