ചെന്നൈ: തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത 31 വിദേശ പൗരന്മാര്‍ക്ക് മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച് ജാമ്യം അനുവദിച്ചു. ഇന്തോനേഷ്യയിൽ നിന്നുള്ള 20 പേർക്കും ബംഗ്ലാദേശിൽ നിന്നുള്ള 11 പേർക്കുമാണ് ജാമ്യം അനുവദിച്ചത്. സ്വദേശത്തേക്ക് മടങ്ങാൻ ഇവർക്ക് സൗകര്യമൊരുക്കണമെന്ന് ജസ്റ്റിസ് ജി. ആർ സ്വാമിനാഥൻ സംസ്ഥാനത്തോടും കേന്ദ്ര സർക്കാരുകളോടും ആവശ്യപ്പെട്ടു.
വിസ മാനദണ്ഡങ്ങൾ ലംഘിച്ച് മതപരമായ സമ്മേളനത്തിൽ പങ്കെടുത്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ കുറ്റം സമ്മതിച്ചതായും അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യയിൽ പ്രവേശിക്കില്ലെന്നും കോടതിയിൽ ഉറപ്പ് നൽകി. അറസ്റ്റിലായി എഴുപത് ദിവസങ്ങൾ പിന്നിട്ടിട്ടും അന്തിമ റിപ്പോർട്ട് ഇനിയും സമർപ്പിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ഇതിനകം തന്നെ അവർ അനുഭവിച്ച ജയിൽ ശിക്ഷ മതിയായ ശിക്ഷയായി കണക്കാക്കണമെന്നും കോടതി പറഞ്ഞു.