ഭോപാല്‍: മധ്യപ്രദേശില്‍ കൊവിഡ് ഭേദമാവുന്നവരുടെ നിരക്ക് 51 ശതമാനമായെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്ഥാനത്ത് 24,505 പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യവും ക്ലിനിക്കുകളും സംസ്ഥാനത്ത് ആരംഭിക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി വിലയിരുത്തണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് 1,496 ക്ലിനിക്കുകളാണുള്ളത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്ക് തുടര്‍ച്ചയായ മൂന്ന് ദിവസം രോഗലക്ഷണങ്ങളില്ലെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ അവര്‍ക്ക് വീടുകളില്‍ പോകാം. പിന്നീട് അടുത്ത ഏഴ് ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രീന്‍ സോണുകളില്‍ നിന്നും ഗ്രീന്‍ സോണുകളിലേക്ക് ഇനി മുതല്‍ പാസുകള്‍ വേണ്ട. എന്നാല്‍ രോഗ ബാധിത മേഖലകളായ ഇന്‍ഡോര്‍, ഉജ്ജ്വന്‍, ഭോപാല്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പാസുകള്‍ നിര്‍ബന്ധമാണ്. ഇതുവരെ 5,14,000 അതിഥി തൊഴിലാളികള്‍ തിരിച്ചെത്തി. 3,70,000 പേരെ തിരിച്ചയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.