ഭോപ്പാല്‍: നാല് ദശാബ്ദകാലം മുടങ്ങാതെ നികുതി അടച്ചവരെ മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ആദിയ നികുതി വകുപ്പ് അനുമോദിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലക്കാരിയായ 117 വയസായ ഗിരിജ ഭായ് തിവാരിയാണ് ഇവരില്‍ ഏറ്റവും പ്രായം കൂടിയ നികുതിദായക. രാജ്യത്തെയും ഏറ്റവും പ്രായം കൂടിയ നികുതിദായക ഗിരിജ തന്നെയാണ്. പാന്‍കാര്‍ഡില്‍ ഗിരിജ തിവാരിയുടെ ജനന തിയ്യതി 1903 ഏപ്രിൽ 15 ആണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ സിദ്ധാന്ത് തിവാരിയുടെ വിധവയാണ്. സംസ്ഥാന സർക്കാരിൽ നിന്ന് ഇവര്‍ക്ക് പെൻഷൻ ലഭിക്കുന്നുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഗിരിജ ഭായിയുടെ പേര് രജിസ്റ്റർ ചെയ്യാനുള്ള ശ്രമത്തിലാണ് ആദായനികുതി ഉദ്യോഗസ്ഥരെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
മുത്തശ്ശി പതിറ്റാണ്ടുകളായി മുടങ്ങാതെ നികുതി അടക്കുന്നുണ്ട്. ഒരിക്കല്‍പോലും വീഴ്ച വരുത്തിയിട്ടില്ല. നികുതി സത്യസന്ധമായും പതിവായും അടക്കേണ്ടതാണ്. നികുതി അടക്കാതെ ഒഴിവാക്കുന്നവര്‍ക്ക് തന്‍റെ മുത്തശ്ശി ഒരു മാതൃകയാണെന്ന് ഗിരിജ ഭായിയുടെ കൊച്ചുമകളുടെ മകള്‍ അഞ്ജലി ഇടിവി ഭാരതിനോട് പറഞ്ഞു. 160 ആം ഐടി ദിനാഘോഷത്തിന്‍റെ ഭാഗമായി ആദായനികുതി വകുപ്പ് തിങ്കളാഴ്ച ശതാബ്ദി നികുതിദായകരെ ആദരിച്ചിരുന്നു. നാല്‍പത് വര്‍ഷമായി നികുതി മുടങ്ങാതെ അടക്കുന്നവരെ വീടുകളിലെത്തിയാണ് ആദായ നികുതി വകുപ്പ് ആദരിച്ചത്.