ലക്‌നൗ: ഉത്തർപ്രദേശിലെ ലക്‌നൗ കോടതിയില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ലക്‌നൗ ബാർ അസോസിയേഷൻ ജനറല്‍ സെക്രട്ടറി ജീതു യാദവാണ് അറസ്റ്റിലായത്. ബാർ അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി സഞ്ജീവ് ലോധിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ജീതു യാദവിനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകശ്രമത്തിനാണ് ജീതു യാദവിനും മറ്റുള്ളവർക്കുമെതിരെ വസിർഗഞ്ച് പൊലീസ് കേസെടുത്തിരിക്കുന്നത്.
കോടതി പരിസരത്ത് വച്ച് ചില നാട്ടുകാർ മർദ്ദിച്ചെന്ന് പറഞ്ഞ് കെജിഎംയു ആശുപത്രിയില്‍ ജീതു യാദവ് ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. കേസില്‍ മൂന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എഡിസിപി വികാസ് ചന്ദ് ത്രിപാഠി പറഞ്ഞു. അന്വേഷണത്തിനായി നാല് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും മറ്റ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ത്രിപാഠി പറഞ്ഞു.