ലഖ്‌നൗ: ലഖ്‌നൗ ചീഫ് മെഡിക്കൽ ഓഫീസറുടെ കാര്യാലയം രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. അക്കൗണ്ടന്‍റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങൾക്കായി ഓഫീസ് അടച്ചത്. ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
ഓഫീസിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ആരോഗ്യ മിഷനില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന 30കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് സിഎംഒ ഡോ.നരേന്ദ്ര അഗർവാൾ അറിയിച്ചു. തൊണ്ട വേദനയെത്തുടര്‍ന്ന് റെഡ് ക്രോസ് സൊസൈറ്റി സെന്‍ററിലാണ് അദ്ദേഹത്തിന് കൊവിഡ് പരിശോധിച്ചത്. അക്കൗണ്ടന്‍റുമായി അടുത്ത ബന്ധമുള്ള 15 ഓളം ഉദ്യോഗസ്ഥരുടെ സാമ്പിളുകളും പരിശോധനക്കായി അയച്ചതായി അധികൃതര്‍ അറിയിച്ചു. ഇയാൾക്കുപുറമെ കൊറോണ വാർഡിൽ നിയമിച്ചിരുന്ന സീനിയർ ഫാക്കൽറ്റി അംഗം ഉൾപ്പെടെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ (കെജിഎംയു) മൂന്ന് ഡോക്ടർമാര്‍ക്കും 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 28 കെജിഎംയു ഉദ്യോഗസ്ഥര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.