ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട സൈനിക ചർച്ചകളിൽ ഇന്ത്യൻ വിഭാഗത്തിന് നേതൃത്വം നൽകിയ ലെഫ്റ്റനന്‍റ് ജനറൽ ഹരീന്ദർ സിംഗ് ഇന്ത്യൻ സൈനിക അക്കാദമിയുടെ (ഐഎംഎ) ചുമതലയേൽക്കും. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ കമാൻഡന്‍ററായി ഒക്ടോബർ ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. ലെഫ്റ്റന്‍റ് ജനറൽ സിംഗ് ചൈനയുമായി തുടർച്ചയായി അഞ്ച് കോർപ്സ് കമാൻഡർ ലെവൽ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു.
കരസേന ഉപദേശക സമിതിയുടെ അഡീഷണൽ ഡയറക്ടർ ജനറലായി ലെഫ്റ്റനന്‍റ് ജനറൽ പി.ജി.കെ മേനോനെ നിയമിക്കും. ഇന്ത്യ- ചൈനീസ് സൈന്യങ്ങൾ തമ്മിൽ അടുത്തിടെ നടന്ന കോർപ്സ് കമാൻഡർ തല ചർച്ചകളുടെ ഭാഗമായിരുന്നു ലെഫ്റ്റനന്‍റ് ജനറൽ മേനോൻ.
സെപ്റ്റംബർ 21ന് നടന്ന ആറാം റൗണ്ട് ചർച്ചയ്ക്കിടെയാണ് കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അഞ്ച് മാസത്തെ നിലപാട് സംബന്ധിച്ച പ്രമേയം ചർച്ച ചെയ്യാൻ ലെഫ്റ്റനന്‍റ് ജനറൽ മേനോൻ സംഘത്തിൽ ചേർന്നത്. നേരത്തെ 14 കോർപ്സിൽ ബ്രിഗേഡിയറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.