ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട പ്രചാരണം ഇന്ന് പൂർത്തിയാകുന്നു. ഏഴ് സംസ്ഥാനങ്ങളിലെ 50 ലോക്സഭാ മണ്ഡലങ്ങളിലെ പ്രചരണമാണ് ഇന്ന് അവസാനിക്കുന്നത്. ബംഗാളിലെ ഒന്‍പത് മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്നലെ രാത്രി പത്ത് മണിക്ക് അവസാനിച്ചിരുന്നു. 17-ാം ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമാണിത്. 59 മണ്ഡലങ്ങളാണ് മറ്റെന്നാള്‍ പോളിങ് ബൂത്തിലേക്കെത്തുന്നത്.
കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പ് റാലിയ്‌ക്കെതിരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബംഗാളില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പശ്ചിമ ബംഗാളിലെ പരസ്യ പ്രചാരണം നേരത്തെ അവസാനിപ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. കമ്മീഷന്റെ നടപടിയെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആര്‍എസ്എസിന്റെ പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉള്ളതെന്നും, അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ചതെന്നുമായിരുന്നു മമതയുടെ വാദം.
ബീഹാറിൽ എട്ട്, ഹിമാചൽ പ്രദേശിൽ നാല്, ജാർഖണ്ഡിൽ മൂന്ന്, മധ്യപ്രദേശ് എട്ട്, പഞ്ചാബ് 13, ഉത്തർപ്രദേശ് 13, പശ്ചിമ ബംഗാൾ ഒന്‍പത്, ചണ്ഡിഗഡില്‍ ഒന്ന് സീറ്റുകളിലെ വോട്ടെടുപ്പാണ് അവസാനഘട്ടത്തിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമടക്കമുള്ള പ്രമുഖർ ജനവിധി തേടുന്ന സ്ഥാനാർഥികളുടെ പട്ടികയിലുണ്ട്. അവസാനഘട്ട പ്രചാരണദിനമായ ഇന്ന് രാഹുലും പ്രിയങ്കയും മോദിയുമെല്ലാം വിവിധ റാലികളിലും റോഡ് ഷോകളിലുമായി പങ്കെടുക്കും.