ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ അതീവ സുരക്ഷയോടെ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ചു. മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്കും അടുത്തിടെ അന്തരിച്ച എല്ലാ പാർലമെന്‍റ് അംഗങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിച്ചാണ് സഭാ നടപടികൾ തുടങ്ങിയത്. ക്ലാസിക്കൽ ഗായകൻ പണ്ഡിറ്റ് ജസ്‌രാജ്, മുൻ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി അജിത് ജോഗി, മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടൻ, ഉത്തർപ്രദേശ് മന്ത്രിമാരായ കമൽ റാണി, ചേതൻ ചൗഹാൻ, മുൻ കേന്ദ്രമന്ത്രി രഘുവംശ് പ്രസാദ് സിംഗ് എന്നിവർക്കാണ് ലോക്‌സഭാ എംപിമാർ ആദരാഞ്ജലികൾ അർപ്പിച്ചത്. ശേഷം ഒരു മണിക്കൂർ നേരത്തേക്ക് സഭാ നടപടികൾ നിർത്തിവച്ചു.
17-ാമത് ലോക്‌സഭയുടെ നാലാമത്തെ സെഷനും രാജ്യസഭയുടെ 252-ാമത് സെഷനുമാണ് ഇന്ന് നടക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിൽ നടക്കുന്ന ആദ്യത്തെ പാർലമെന്‍റ് സമ്മേളനമാണിത്. അതിനാൽ ആരോഗ്യ മാർഗനിർദേശങ്ങൾ അനുസരിച്ച് സമ്മേളനം നടത്താൻ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.