ഇറ്റാനഗർ: കൊവിഡ് വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ പ്രധാന്യം മനസിലാക്കി അരുണാചല്‍ പ്രദേശില്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നതിനായി ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പൂര്‍ണ വിജയമെന്ന് വിലയിരുത്തല്‍. മാര്‍ച്ച് 25 രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമ്പൂര്‍ണ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന്‍റെ പിന്നാലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താന്‍ പുതിയ ആപ്പുകള്‍ ആരംഭിച്ചിരുന്നു. ആംബുലന്‍സുകളുടെ സേവനം ഉറപ്പാക്കല്‍, പഴം-പച്ചക്കറി, പലചരക്ക്, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നതിനായി 'യൂ ടെല്‍ അസ്', 'ദുക്കാന്‍ വാല', 'മീ ബഡ്ഡി' ആപ്പുകള്‍, വൈദ്യൂതി ബില്‍ അടക്കുന്നതിനായും പചാക വാതകം ബുക്കിങ്- വിതരണം തുടങ്ങിയ സേവനങ്ങള്‍ക്കായി ഹെന്‍കാകൊപസ് ആപ്പുമാണ് രൂപീകരിച്ചത്. ആപ്പുകള്‍ പൊതുജനം ഏറ്റെടുത്തതോടെ ദിവസേന അഞ്ഞൂറിലധികം ഓഡറുകളാണ് എത്തുന്നതെന്ന് 'യൂ ടെല്‍ അസ്' മാനേജിങ് ഡയക്ടര്‍ പറഞ്ഞു.
സാധനങ്ങള്‍ വീടുകളില്‍ എത്താന്‍ തുടങ്ങിയതോടെ ജനങ്ങള്‍ വീടുകളില്‍ തന്നെ സുരക്ഷിതരായി കഴിയുന്നുണ്ടെന്നും ഇതോടെ സാമൂഹിക അകലം സാധ്യമാകുന്നെണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ തുമ്മേ അമൊ പറഞ്ഞു. ഡെലിവറി ചാര്‍ജുകള്‍ ഈടാക്കിയാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 13 മള്‍ട്ടി സ്റ്റോറുകളുമായി ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.