പാലക്കാട്: മേട്ടുപ്പാളയത്ത് പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നിൽ ജാതീയതയെന്ന് ആരോപിച്ച് നാട്ടുകാർ ആശുപത്രിയുടെ മുന്നിൽ പ്രതിഷേധം ആരംഭിച്ചു. അപകടത്തിന് ഇടയാക്കിയ മതിൽ താഴ്ന്ന ജാതിക്കാരുമായുള്ള സമ്പർക്കം ഇല്ലാതിരിക്കാൻ ചക്രവർത്തി സിൽക്‌സ് ഉടമയായ അറുമുഖം അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചാണ് നാട്ടുകാർ സമരം നടത്തുന്നത്.
അറുമുഖത്തിനെ അറസ്റ്റ് ചെയ്യണമെന്നും മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം നൽകണമെന്നും കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്ക് വീതം ജോലി നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം മരിച്ചവരുടെ മൃതശരീരങ്ങൾ ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.