ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ബിഹാറില്‍ എൻഡിഎയ്‌ക്ക് തിരിച്ചടി. ജനതാദള്‍ യുണൈറ്റഡ് നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ മത്സരിക്കാനില്ലെന്ന് എല്‍ജെപി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ സെന്‍റട്രല്‍ പാര്‍ലമെന്‍റ് ബോര്‍ഡ് യോഗത്തില്‍ എല്‍ജെപി അധ്യക്ഷൻ ചിരാഗ് പസ്വാനാണ് നിലപാട് പ്രഖ്യാപിച്ചത്.
ആശയപരമായി വ്യത്യാസത്തിന്‍റെ പശ്ചാത്തലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദളിനൊപ്പം മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചതായി എല്‍ജെപി ദേശീയ സെക്രട്ടറി അബ്‌ദുള്‍ ഖാലിക് പറഞ്ഞു. അതേസമയം ലോക്‌സഭയില്‍ എന്‍ഡിഎയ്‌ക്കുള്ള പിന്തുണ എല്‍ജെപി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലായിരിക്കും എന്‍ഡിഎ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് നേരത്തെ ബിജെപി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ജനതാദളുമായി സഹകരിക്കാനാകില്ലെന്ന് എല്‍ജെപി നിലപാട് എടുത്തിരിക്കുന്നത്.
അതേസമയം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാൻ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ എല്‍ജെപി നിലപാട് ചര്‍ച്ചയായേക്കും. മൂന്ന് ഘടങ്ങളായി നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 28ന് ആരംഭിക്കും.