പട്‌ന: സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യങ്ങൾ ഗുരുതരമായി തുടരുന്നു. ബിഹാറിലെ 16 ജില്ലകളിലായി 8,358 പേർ കൂടിയാണ് വെള്ളപ്പൊക്ക ദുരിതത്തിലായത്. ഗംഗയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് പട്‌നയിൽ നിലവിൽ അടിയന്തര സാഹചര്യമില്ലെന്ന് ജലവിഭവ മന്ത്രി സഞ്ജയ് കുമാർ ഝാ പറഞ്ഞു. ഗംഗ കരകവിഞ്ഞൊഴുകുന്ന ഗാന്ധി ഘട്ട് സന്ദർശിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
നിലവിൽ ഗംഗ ഒഴുകുന്ന പല പ്രദേശങ്ങളിലും അപകട നിലക്ക് മുകളിലൂടെയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. പട്‌ന ടൗൺ സംരക്ഷണ മതിലിനെപ്പറ്റി വകുപ്പ് സെക്രട്ടറി സജ്ജീവ് ഹാൻസ് മന്ത്രിയുമായി പങ്കുവെച്ചു. ഗംഗയിലെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് നഗരത്തെ സംരക്ഷിക്കുന്നതിനായി 1976ലാണ് പിടിപി മതിൽ നിർമിക്കപ്പെട്ടത്. അതേസമയം ഗംഗയിലെ ജലനിരപ്പ് ബുക്‌സാർ, മുൻഗെർ, ഭാഗൽപൂർ, ദിഘ ഘട്ട് എന്നിവിടങ്ങളിൽ വർധിക്കുകയാണ്.
വെള്ളപ്പൊക്കം മൂലം സംസ്ഥാനത്ത് 81,67,671 പേർ ദുരിതത്തിലായെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. 130 ബ്ലോക്കുകളിലായി 1,317 പഞ്ചായത്തുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിട്ടുള്ളത്. ഇതുവരെ സംസ്ഥാനത്ത് 25 മരണമാണ് റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ആകെയുള്ള 12 ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ആറ് കേന്ദ്രങ്ങൾ മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും 27 ടീമുകൾ ഇതുവരെ 5.50 ലക്ഷം പേരെ ഒഴിപ്പിച്ചു.