കൊൽക്കത്ത: കൊല്‍ക്കത്തയില്‍ 112 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച ഉംപുൻ ചുഴലിക്കാറ്റിൽ 12 പേർ മരിച്ചു. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. കൊൽക്കത്ത, ഹൗറ, ഹൂഗ്ലി, സൗത്ത് 24 പർഗാനാസ്, നോർത്ത് 24 പർഗാനാസ് ജില്ലകളിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്‌ടമുണ്ടാക്കി. ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി - ടെലിഫോണ്‍ ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടെന്നും ഇതിനാൽ ശരിയായ റിപ്പോർട്ടുകൾ ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയുടെ നഷ്‌ടമുണ്ടാകാനാണ് സാധ്യതയെന്നും പ്രാഥമിക വിലയിരുത്തലിനായി നാല് ദിവസമെങ്കിലും എടുക്കുമെന്നും മമതാ ബാനർജി പറഞ്ഞു.
ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് വിവിധ പ്രദേശങ്ങളിലായി 5,000ത്തോളം വീടുകളാണ് നശിച്ചത്. കനത്ത മഴയെത്തുടർന്ന് ഹൗറ, നോർത്ത് 24 പർഗാനാസ് അടക്കമുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി തടസപ്പെട്ടു. എൻഡിആർഎഫിന്‍റെ രണ്ട് ടീമുകൾ ഇതിനകം ഹൗറ ജില്ലയിലെ ശ്യാംപൂർ ബ്ലോക്കിൽ റോഡ് ക്ലിയറൻസ് ജോലികൾ ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.