ഹൈദരാബാദ്: നിയന്ത്രണ മേഖലകൾ ഒഴികെയുള്ള സ്ഥലങ്ങളില്‍ 16 ശതമാനം വില വര്‍ധനയോടെ മദ്യശാലകള്‍ തുറക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. 2200 മദ്യവില്‍പ്പന ശാലകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 15 കടകള്‍ മാത്രമാണ് നിയന്ത്രണ മേഖലയില്‍ ഉള്ളത്. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
നിയമം ലംഘിക്കുന്ന കടകള്‍ അടപ്പിക്കും. ഡല്‍ഹിയിലും ബെംഗളൂരുവിലും സംഭവിച്ചതുപോലെയുള്ള ഒരു സാഹചര്യം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നില്ല. രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവർത്തന സമയം. മാസ്ക് നിര്‍ബന്ധമാണ്. അയല്‍ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നതാണ് സംസ്ഥാനവും ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങാന്‍ കാരണം. അല്ലാത്ത പക്ഷം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യക്കടത്ത് കൂടുമെന്നും മന്ത്രി അറിയിച്ചു. ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ മദ്യ ശാലകള്‍ തുറന്നിട്ടുണ്ട്.