ഹൈദരാബാദ്: തെലങ്കാനയിൽ അടുത്ത 24 മണിക്കൂറിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പശ്ചിമ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഐഎംഡി പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നൂറുവർഷത്തിനിടയിൽ ആദ്യമായി സംസ്ഥാനത്ത് അഭൂതപൂർവമായ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മഴയെ തുടർന്ന് സംസ്ഥാനത്ത് 70 പേർ മരിച്ചു. സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടായി. പ്രാഥമിക കണക്കനുസരിച്ച് സംസ്ഥാന സർക്കാരിന് അയ്യായിരം കോടി രൂപയുടെ നഷ്ടം നേരിട്ടു.
അതേസമയം, ജാഗ്രത പാലിക്കാണമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ജനങ്ങൾക്ക് നിർദേശം നൽകി. നഗരത്തിലെ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ പരിശോധിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും 15 പ്രത്യേക ടീമുകളെ നിയോഗിക്കാൻ റാവു ഉത്തരവിട്ടു.