ലോകത്തോട് ശീതയുദ്ധം പ്രഖ്യാപിച്ച പോലെ കൊവിഡ് മഹാമാരി പടർന്ന് പിടിക്കുന്നു. ലോകരാജ്യങ്ങൾ തന്നെ പകച്ച് നില്‍ക്കുന്ന അവസ്ഥ. ചൈനയെക്കാൾ കൂടുതല്‍ രോഗികളുള്ള അമേരിക്ക അതീവ ജാഗ്രതയിലാണ്. രാജ്യത്ത് അതിവേഗം രോഗം പടർന്ന് പിടിക്കുന്നതിനെ തുടർന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനോട് അതിർത്തികൾ അടച്ചിടാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു. പക്ഷെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുക എന്നത് ദുഷ്കരമാണെന്നതിനാല്‍ സമ്പൂർണ അടച്ചിടലിന് ട്രംപ് എതിരാണ്.
അതേസമയം, ജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും പരിഗണന നല്‍കി കൊണ്ട് മൂന്നാഴ്ചത്തേക്ക് രാജ്യം അടച്ചിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവ് നല്‍കി. ആദ്യത്തെ ഒരു ലക്ഷം കൊവിഡ് രോഗികള്‍ ലോകം മുഴുവൻ ഉണ്ടാകുന്നതിന് 67 ദിവസം എടുത്തെങ്കില്‍ അടുത്ത ഒരു ലക്ഷം രോഗികളിലേക്ക് രോഗം എത്താൻ വെറും 11 ദിവസമാണ് എടുത്തത്. അടുത്ത നാല് ദിവസത്തിനുള്ളില്‍ വീണ്ടും ഒരു ലക്ഷം പേർ കൂടി രോഗികളുടെ പട്ടികയില്‍ ചേർക്കപ്പെട്ടു. രോഗ വ്യാപനം ഇത്രയും വേഗത്തില്‍ നടക്കുന്നത് തന്നെ ലോക രാജ്യങ്ങൾക്കിടയില്‍ വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
ഇന്ത്യയില്‍ ആദ്യ 50 കൊവിഡ് കേസ് സ്ഥിരീകരിക്കാന്‍ 40 ദിവസമാണ് വേണ്ടി വന്നത്. അടുത്ത 5 ദിവസത്തിനുള്ളില്‍ ഈ പട്ടികയില്‍ 50 കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. കൊവിഡ് മഹാമാരി അതിവേഗം പടർന്ന് പിടിക്കുന്നു എന്നതിന് സൂചന ആയിരുന്നു ഈ കണക്ക്. 21 ദിവസം രാജ്യം മുഴുവൻ അടച്ചിടാനുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രഖ്യാപനം കൊവിഡ് ചങ്ങല പൊട്ടിക്കാനുള്ള തന്ത്രപരമായ ഒരു മുന്നേറ്റത്തിന്‍റെ ഭാഗമാണ്.
ഒരാളുടെ ശരീരത്തില്‍ കയറി കഴിഞ്ഞാല്‍ 14 ദിവസത്തിനുള്ളില്‍ കൊവിഡ് വൈറസിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. ഇനി ഈ രോഗം കുടുംബങ്ങള്‍ക്കകത്ത് മാത്രം നിലനിന്നാല്‍ രോഗികളെ കണ്ടെത്തി കൃത്യമായി ചികിത്സിക്കാൻ സാധ്യമാകും. അതേസമയം സമൂഹത്തിലുള്ളവർ ഇതിന് ഇരയാകുന്നത് തടയാനും കഴിയും. മുന്‍ കാലങ്ങളില്‍ ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരുന്ന വസൂരിയേയും പോളിയോയേയും വിജയകരമായി തുടച്ചു നീക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു എന്നതിനാല്‍ കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലും ഇന്ത്യ മുന്നില്‍ നിന്ന് നയിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ആഗ്രഹിക്കുന്നുണ്ട്. പകർച്ചവ്യാധിയെ തടഞ്ഞ് ലോകത്തിന് മാതൃകയായി ഇന്ത്യ മാറുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ജനങ്ങൾ പ്രതിഞ്ജാബദ്ധരായി പിന്തുണ നല്‍കണം. കൊവിഡിനെ തടുക്കുന്നതിനു വേണ്ടി ഉള്ള നടപടികള്‍ നടപ്പില്‍ വരുത്തുന്നതിന്‍റെ പേരില്‍ സംഭവിക്കാന്‍ പോകുന്ന സാമ്പത്തിക നഷ്ടം ഏതാണ്ട് ഒൻപത് ലക്ഷം കോടി രൂപയായിരിക്കുമെന്ന് കേന്ദ്രം കണക്കാക്കുന്നു.
സാമ്പത്തിക നഷ്‌ടത്തിനുപരി മനുഷ്യ ജീവനുകള്‍ക്ക് വില കല്‍പ്പിച്ചു കൊണ്ട് രാജ്യം മുഴുവന്‍ അടച്ചിടണമെന്നുള്ളതിന്‍റെ പ്രാധാന്യം വ്യക്തമാക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പുറത്തു വിട്ട കണക്കുകള്‍. ഈ മാസം പതിനഞ്ചാം തീയതി വരെ വെറും 100 കൊവിഡ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയിരുന്നതെങ്കില്‍, തൊട്ടടുത്ത 15 ദിവസത്തിനുള്ളില്‍ അത് ഒൻപത് ഇരട്ടിയായി ഉയര്‍ന്നു എന്ന് ഐസിഎംആര്‍ പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങളേയും വീടുകള്‍ക്കുള്ളില്‍ തളച്ചിട്ടാല്‍ മാത്രമേ കൊവിഡ് കേസുകളുടെ തീവ്രത 69 ശതമാനം വരെ കുറക്കുവാന്‍ കഴിയുകയുള്ളൂ. സമ്പൂർണ ലോക്ഡൗൺ കൊവിഡ് കേസുകള്‍ ആയിരക്കണക്കായി ഉയരുന്ന അപകടവും, ആരോഗ്യ മേഖലക്ക് മേല്‍ ഉണ്ടാകുന്ന അനാവശ്യമായ സമ്മര്‍ദ്ദവും ഒഴിവാക്കാന്‍ സഹായിക്കും. ലക്ഷണങ്ങള്‍ ഇല്ലാത്ത പോസിറ്റീവ് കേസുകള്‍ 75 ശതമാനവും നമുക്ക് കണ്ടെത്താനായാല്‍ തന്നെ അത് ഒരു മഹാമാരിയായി പടര്‍ന്നു പിടിക്കുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും ഐസിഎംആര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെറും നിസാരക്കാരനായി കൊവിഡിനെ അവഗണിക്കരുതെന്ന് തന്നെയാണ് ദക്ഷിണ കൊറിയയുടേയും അമേരിക്കയുടേയും അനുഭവങ്ങള്‍ കാട്ടി തരുന്നത്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊവിഡ് ഉള്ളവരെ കണ്ടെത്താൻ ദക്ഷിണകൊറിയയ്ക്ക് കഴിഞ്ഞു. കൂട്ടായ ശ്രമങ്ങളിലൂടെ കൊവിഡിനെ നിയന്ത്രിച്ച രാജ്യത്തിന്‍റെ ശ്രമങ്ങളെ വിഫലമാക്കിയത് ഒരു രോഗിയാണ്. രോഗബാധിതൻ പള്ളികളിലും ആശുപത്രികളിലും സന്ദർശനം നടത്തിയതിന് തുടർന്ന് വൻ തോതില്‍ രാജ്യത്ത് രോഗം പൊട്ടിപുറപ്പെട്ടു.
ശാസ്ത്ര സാങ്കേതിക രംഗത്തെ വമ്പന്മാരായ അമേരിക്ക ഇന്ന് കൊവിഡ് കേസുകള്‍ കണ്ട് പകച്ചു നില്‍ക്കുകയാണ്. ദക്ഷിണ കൊറിയയുടെ സഹായവും അമേരിക്ക അഭ്യർഥിച്ചു. കൊവിഡ് വൈറസ് തടയുന്നതിനുള്ള തന്ത്രത്തില്‍ ഓരോ പൗരനും പ്രതിഞ്ജാബദ്ധനായ പോരാളിയായി തീരണം. അന്താരാഷ്ട്ര തലത്തില്‍ കൊവിഡ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികളെ ലോകാരോഗ്യ സംഘടനകള്‍ വിലയിരുത്തി. ഇന്ത്യയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല എന്ന അവരുടെ മുന്നറിയിപ്പും വളരെ ഗൗരവത്തോടു കൂടി തന്നെ നമ്മൾ കാണണം.
സര്‍ക്കാരുകൾ നടപ്പാക്കിയ അടച്ചിടല്‍ ജനസംഖ്യയുടെ മുപ്പത് ശതമാനത്തെ എങ്കിലും ബാധിക്കും. പൊതു വിപണിയില്‍ കിലോഗ്രാമിന് 37 രൂപ വിലയുള്ള അരി 80 കോടി പൗരന്മാര്‍ക്ക് കിലോഗ്രാമിന് 3 രൂപ നിരക്കില്‍ നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. 130 കോടി ജനങ്ങള്‍ വീട്ടുതടങ്കലിലാക്കപ്പെട്ടതിനാല്‍ അവശ്യ സാധനങ്ങള്‍ കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുവാനുള്ള കടുത്ത നടപടികളും ജനങ്ങളെ പോഷകാഹാര കുറവില്‍ നിന്നും സംരക്ഷിക്കുവാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.
സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചയൂണ് അവരുടെ വീടുകളില്‍ എത്തിച്ച് നല്‍കുന്ന് പദ്ധതിക്ക് കേരളം തുടക്കമിട്ടു. ഗതാഗത സംവിധാനങ്ങളും നിശ്ചലമായിരിക്കുന്ന ഈ സന്ദർഭത്തില്‍ വെയര്‍ ഹൗസുകളില്‍ നിന്നും വിദൂര ഗ്രാമങ്ങളിലേക്ക് ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ തടസമില്ലാതെ വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് കേന്ദ്രം സർക്കാർ ഉറപ്പ് വരുത്തണം. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം 79 ശതമാനം ദൈനം ദിന അവശ്യ സാധനങ്ങളും ഇ-വ്യാപാര സൈറ്റുകളില്‍ നിന്ന് കിട്ടുന്നില്ല. ചില്ലറ വ്യാപാര വിപണിയില്‍ നിന്നും അതുപോലെ 32 ശതമാനം അവശ്യ സാധനങ്ങളും കിട്ടുന്നില്ല. സ്‌റ്റോക്കുകള്‍ വിതരണം ചെയ്യുന്നതിന് പ്രയാസം നേരിടുന്നുണ്ടെന്ന് മരുന്ന് നിര്‍മ്മാണ വ്യവസായ മേഖലയും അറിയിക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാനും ജനങ്ങൾ വീടുകളില്‍ ഭക്ഷണം ലഭിക്കുന്നുണ്ടെന്നും സർക്കാർ ഉറപ്പ് വരുത്തണം.
ലോകത്തെ ചേരി നിവാസികളില്‍ മൂന്നില്‍ ഒന്നും ഇന്ത്യയിലാണ്. മുംബൈയിലെ ധാരാവി പോലുള്ള വന്‍ കിട കോളനികളില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പ് വരുത്തുന്നതിന് സർക്കാരുകൾ എല്ലാവിധ നടപടികളും സ്വീകരിക്കണം. കൊവിഡ് മൂലം സംഭവിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടുമ്പോള്‍ തന്നെ സര്‍ക്കാരുകള്‍ കൊവിഡിനെതിരെയുള്ള യുദ്ധത്തിനായി ജനങ്ങളെ തയ്യാറെടുപ്പിക്കുകയും വേണം.